2014 ജൂൺ 26, വ്യാഴാഴ്‌ച

ഒറ്റവരിയെഴുത്തുകൾ

1. -- ജീവിതം --
അടിയിലെ പാറ 
മേലെ കുടചൂടിയ 
ഒരു ചേനയാണ്-
ജീവിതം...!! 


 2. -- ഉപമ --
എന്നെപ്പോലെ ഞാൻ മാത്രവും,
നിന്നെപ്പോലെ നീ മാത്രവുമുള്ള ഈ ലോകത്ത്‌ -
ഉപമകളെ നമുക്ക്‌ പുല്ലു മേയാൻ വിടാം...!


3. -- ഉറക്കപ്പിച്ച് --
രാത്രി ഉറങ്ങുന്നതിനെക്കാളും നല്ലത്,
ഉറങ്ങുന്ന സമയം രാത്രി ആവുന്നതാണ്....!

4.  -- മരണാനന്തര  നക്ഷത്രജീവിതം --
ക്രിസ്ത്മസ് രാവുകളിൽ 
വീടുകള്ക്ക് മുന്നിൽ തൂങ്ങി മരിച്ച നക്ഷത്രങ്ങൾ
യുക്തിവാദികളുടെ പുനർജന്മങ്ങളത്രെ....!


5. -- രണ്ടക്ഷരങ്ങള്‍  --
'പെണ്ണ്'
'പണം'
'മാനം'
എല്ലാറ്റിനും-
അക്ഷരം രണ്ട്...!!

2014 ജൂൺ 25, ബുധനാഴ്‌ച

കല്ലറച്ചിന്തകൾ


ഈ പുരാതന നഗരത്തിൽ
പണ്ടേ എനിക്കായി പണിത-
കല്ലറയ്ക്കുള്ളിലിരുന്ന് ഞാൻ,
നിന്നെപ്പറ്റി അന്തംവിട്ട് ചിന്തിക്കാറുണ്ട്...!

പാമ്പ് ഉറയൂരിയിട്ടതുപോലെ -
നീണ്ടു കിടക്കുന്നയിടവഴികളിൽ,
തൊലിയുരിഞ്ഞ വെളുപ്പിന്മേൽ -
കാല്പ്പാടിന്റെ തഴമ്പ്തീർത്ത്‌,
നാം നടന്നു തീർത്ത പ്രകാശവർഷങ്ങൾ …

ഇലപൊഴിഞ്ഞ അരയാലിൻ കൊമ്പുകൾ
വെട്ടിക്കീറി തുണ്ടം തുണ്ടമാക്കിയ-
ആകാശ സന്ധ്യയുടെ ചുവപ്പിൽ
നാം മുക്കിയെടുത്ത, ആദർശത്തിന്റെ ചെങ്കൊടികൾ …

സെക്കന്റ്‌ സൂചിയുടെ -
രണ്ടു ടിക്ക് ടിക്ക് ശബ്ദങ്ങൾക്കിടയിൽ ,
നമ്മളെ പിടിച്ചു തിന്നേക്കുമെന്ന്-
നാം ഒരുപാട് ഭയന്നിരുന്ന നിശബ്ദത,
പിന്നെ രണ്ടു അധരങ്ങൾക്കിടയിൽ -
നമുക്ക് നമ്മെത്തന്നെ നഷ്ട്ടപ്പെട്ടിരുന്ന ശൂന്യത…

എല്ലാത്തിലുമുപരി, പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ
പുരാവൃത്തമെന്നോണം നാമൊരുമിച്ചെഴുതിയ -
എണ്ണിയാലൊടുങ്ങാത്ത ഡയറിക്കുറിപ്പുകൾ,
ഞാൻ പൂർത്തിയാക്കാത്ത നിന്റെ ഇതിഹാസം-
നീ എഴുതി തീരാത്ത എന്റെ മഹാകാവ്യം

ഈ പുരാതന നഗരത്തിൽ-
ഞാൻ എനിക്കായി പണിത
നിന്നെക്കാളും നാറുന്ന എന്റെയീ ശവ-
ക്കല്ലറയ്ക്കുള്ളിലിരുന്നുഞാൻ
നിന്നെപ്പറ്റിച്ചിന്തിച്ച് അന്തംവിട്ട് കരയാറുണ്ട് …!


**കമ്മ്യൂണിസം എന്ന സിദ്ധാന്തം അതിൻറെ പ്രയോക്താക്കളെ ഓർക്കുന്നത് 
  ( ഒരു സിദ്ധാന്തത്തിന്റെ മരണാനന്തര ചിന്തകൾ...!! )





.

വൈരുദ്ധ്യാത്മക ഭൗതികവാദം

ആദ്യമായി നമ്മൾ കണ്ട ദിവസത്തെക്കുറിച്ചു
നീ പറഞ്ഞപ്പോൾ ആയിരുന്നു-
ഞാൻ സോഷ്യലിസവും കമ്മ്യൂണിസവും തമ്മിലുള്ള
വ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞത്.
സോവിയറ്റും, സ്വതന്ത്ര സോഫ്റ്റ്വെയറും-
എങ്ങനെ അവയ്ക്ക് ഉദാഹരിക്കാമെന്നും..!

അരവിന്ദനെയും അടൂരിനേയും പവിത്രനെയും
ഞാൻ വിശകലനം ചെയ്യുമ്പോഴാണ്,
നിനക്ക് ആദ്യമായി മേടിച്ചു തന്ന ചോക്ലേറ്റ്നെപ്പറ്റി
നീ പറഞ്ഞു കൊണ്ടിരുന്നത്...അതിന്റെ പേരെന്ത്
എന്ന നിൻറെ ചോദ്യത്തിന് മറുപടിയായാണ്-
അഗ്രഹാരത്തിലെ കഴുതയിലും നന്ന് എലിപ്പത്തായവും,
രണ്ടിലും പ്രിയം കാഞ്ചനസീതയും എന്നുത്തരം കിട്ടിയത്..!

ഓണത്തിന് നമ്മളിട്ട അത്തപൂക്കളത്തെക്കുറിച്ചും,
നീ ഉടുത്ത അരളിപ്പൂ നിറമുള്ള ചുരിദാറിനെക്കുറിച്ചും
നീ ഒരുപാട് വാചാലയായപ്പോൾ,
എന്റെയുള്ളിൽ ഉറക്കെ സംസാരിച്ചത്
രവിയും ഭീമനും ജിതേന്ദ്രനും ആയിരുന്നു*...
പ്രായത്തിൽ ഇളയവനെങ്കിലും, കൂടുതൽ
മനസ്സിൽ പതിഞ്ഞത് ജിതേന്ദ്രൻറെ വാക്കുകളല്ലേ...?

ആദ്യചുംബനത്തിന്റെ ഓർമകൾക്ക് നീ
വീണ്ടും നനവ് പകരുമ്പോഴാവണം,
ആശയപരതയിലും ഭൌതികപരതയിലും തലകുത്തിമറിഞ്ഞു-
ഞാനൊരു വൈരുദ്ധ്യാത്മക ഭൌതികവാദി ആയി മാറിയത്..!
ഹേഗലിന്റെ തല തിരിയൻ തിയറിയെപ്പറ്റിപ്പറഞ്ഞപ്പോൾ-
നീ എന്തായിരുന്നു എന്നോട് ചോദിച്ചത്...?


എങ്കിലും പ്രിയേ...
എനിക്ക് പ്രണയിക്കാനറിയില്ലെന്ന് നീ പറയില്ല,
നീ നിന്റെ വീട്ടിലെ പ്രശ്നങ്ങളെപ്പറ്റിപ്പറഞ്ഞു കരഞ്ഞപ്പോൾ-
എനിക്കൊരു ഉമ്മ തരുമോയെന്നു ഞാൻ ചോദിച്ചില്ലേ...??

നീ എടുക്കുന്ന ഫോട്ടോകളെ എന്നും പുച്ഛിച്ചിരുന്നെങ്കിലും ,
അതിൽ ഏതോ ഒരെണ്ണത്തിനു സർറിയലിസ്റിക് ഭാവമുണ്ടെന്നു-
കളിയായിട്ടെങ്കിലും ഞാൻ പ്രശംസിചില്ലേ....??

ഇതൊന്നും പോരാഞ്ഞിട്ട് നിന്റെ അഭിപ്രായങ്ങള്ക്ക് -
ഒരു വിലയും നല്കാറില്ലെങ്കിലും, ഞാൻ എഴുതുന്നതെല്ലാം-
എന്റെ പ്രണയത്തിനു എന്ന് പറഞ്ഞു-
ആദ്യം നിനക്ക് തന്നെയല്ലേ അയക്കാറു....??

അതുകൊണ്ട്....
അതുകൊണ്ട് നീ ഇനിയും ഇങ്ങനെ
പ്രണയാതുരയായി തുടരൂ...
ഷാവേസ് യുഗത്തിന് ശേഷമുള്ള-
ലാറ്റിനമേരിക്കൻ സോഷ്യലിസ്റ്റ്‌ പ്രതിസന്ധിയെക്കുറിച്ചോ ,
ആഫ്രിക്കൻ രാജ്യങ്ങളിലെ മതാധിപത്യത്തെ ക്കുറിച്ചോ
ഞാൻ ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടില്ല...!!


*രവി-ഖസാക്കിന്റെ ഇതിഹാസം (ഒ വി വിജയൻ)
ഭീമൻ- രണ്ടാമൂഴം (MT)
ജിതേന്ദ്രൻ - മനുഷ്യന് ഒരു ആമുഖം (സുഭാഷ്‌ ചന്ദ്രൻ)

നോട്ട് 1 : എല്ലാ വൃത്തികെട്ട അരസിക കപട ബുജികൾക്കുമായി
നോട്ട് 2: സ്വതന്ത്ര കവിത-സ്വതന്ത്ര സോഫ്റ്റ്‌വെയർ പോലെതന്നെ. ഇതിൽ ആര്ക്കും മൗലികാവകാശമില്ല. ആര്ക്കും തോന്നുംപോലെ സ്വന്തമായി എടുതിട്ടലക്കാം...!!

കട്ടക്കലിപ്പ്



ഈ മഞ്ഞുകാലത്തിനെപ്പിടിച്ചു വെയിലത്ത്‌ നിർത്തണം,
വെയിലേറ്റു തുണിയുരിഞ്ഞ് നാണം കെടട്ടെ...!!

ഇന്ന് രാത്രി ചന്ദ്രന് ഉറക്കഗുളിക കൊടുക്കണം,
ഉണരുമ്പോൾ 'രാത്രി' വീടുപൂട്ടി വെയിൽപ്പുതപ്പിന്റെ ചൂടിൽ-
കൂർക്കം വലിക്കുന്നുണ്ടാവണം...!!

പിന്നെ മഴവില്ലിനെ ടാർ വീപ്പയിൽ മുക്കിയെടുക്കണം, അത്-
മാനത്ത് തെളിയുമ്പോൾ ശ്രീനിവാസനെപ്പോലെ ചിരിക്കണം...!!

നാളെ വൈകിട്ട് മുങ്ങിത്താഴുന്ന സൂര്യൻറെ-
കയ്യുംകാലും കെട്ടി, പള്ളകീറി കല്ലുകെട്ടണം,
മൂന്നാം നാൾ ചത്ത്‌ പൊങ്ങുകപോലും ചെയ്യരുത്...!!

ശ്ശോ....!! ദൈവത്തിന് നല്ല മുട്ടൻ പണി കൊടുക്കണം……!!! 


പാളങ്ങള്‍ക്കിടയില്‍ പറയുന്നത്


സന്ധ്യയില്‍ പരക്കുന്നത് -എന്‍റെ ബോധത്തിന്‍റെ ചുവപ്പാണ്,
അതിനു ശേഷം നമ്മുടെ സ്നേഹത്തിന്‍റെ തണുപ്പും.
തണുത്തുറഞ്ഞ ആ സ്നേഹത്തിനു പുതപ്പായാണ് -
പുകയൂതി ഒരു കരിമ്പടംപോലെ തീവണ്ടിയെത്തുന്നത്.
കരിമ്പടത്തിനടിയില്‍ ചൂടുവയ്ക്കുന്ന സ്നേഹത്തിനായി-
നീയും ഞാനും...!!