2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

വിപ്ലചരിത്രം ഒളിച്ചോട്ടകാണ്ഡം

"മ്പളെ ഒരു ദോസ്ത് എട്ടാം ക്ളാസ്സിൽ പൊട്ടിയപ്പോ ഒളിച്ചോടി..."

പൊട്ടൽ മൂപ്പർക്കൊരു നവ്യാനുഭവമൊന്നും അല്ലെങ്കിലും, എട്ടാം ക്ളാസ്സിൽ പൊട്ടിയാൽ 'ഡൈവർ' ആവാൻ പറ്റൂലാന്നുള്ള അതിഗഹന നിയമപരിജ്ഞാനം ആണ് സഖാവിനെ instant വിപ്ലവകാരി ആക്കിമാറ്റിയത്...!


വിപ്ലചരിത്രം ഒളിച്ചോട്ടകാണ്ഡം: ഭാഗം -1


02-MAY-2001: result അറിഞ്ഞന്ന് രാത്രി, മൂത്രമൊഴിക്കുന്നതിനും ഉറങ്ങുന്നതിനുമിടയിലുള്ള സുദീർഘമായ കൂലങ്കുഷ ചിന്താവ്യാപാരങ്ങൾക്കൊടുവിലാണ് സഖാ : വിപ്ലൻ വിദൂര വിപ്ലവ പ്രദേശമായ കണ്ണൂരിലേക്ക് ഒളിച്ചോടാനുള്ള തീരുമാനത്തിന് സ്വയം പച്ചക്കൊടി കാണിച്ചത് (നോട്ട് ദി പോയിന്റ് : 'പച്ച'യ്ക്ക് അന്ന് സൈദ്ധാന്തികമായ മറ്റു അർത്ഥതലങ്ങളൊന്നും അവരോധിക്കപ്പെട്ടിരുന്നില്ല...!) .

തദവസരത്തിൽ ഇത്രയ്ക്ക് ധീരവും സാഹസികവുമായ ഒരു തീരുമാനമെടുക്കാൻ സ്വയംപര്യാപ്തത കൈവരിച്ച സ്വന്തം ബുദ്ധി-ബോധ-മണ്ഡലങ്ങളെ അഭിനന്ദിക്കാനും ആദരിക്കാനുമായി സഖാ : വിപ്ലൻ 2 മിനിറ്റ് കിടക്കപ്പായയിൽ എഴുന്നേറ്റു നിന്ന സമയത്ത് പശ്ചാത്തലത്തിൽ തൊഴുത്തിലെ പശുവിന്റെ കരച്ചിലിനൊപ്പം ശ്രീനിവാസന്റെ ശബ്ദവും പൊഴിഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു.

സംഭവദിവസം :

This life sucks...Going for a lonely walk....Adios Amigos.... (സഖാ : വിപ്ലൻ: feeling lost + ഇതികർത്തവ്യമൂഢ സ്മൈലി)
എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ facebook പോയിട്ട് ഒന്ന്നു ഗ്രൂപ്പ്‌ സ്ക്രാപ്പ് ചെയ്യാൻ orkut പോലുമില്ലാത്ത അതിപുരാതനകാലം.
അധികമെന്തിനു പറയന്നു "ഉമ്മ...നുമ്മ സീൻ വിടാണ് ട്ടാ..!" എന്ന് തുണ്ട് എഴുതിവെക്കാൻ കൊച്ചി ഭാഷ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു...

ദങ്ങനെയുള്ള ദാ കാലഘട്ടത്തിൽ... അന്ന് ലഭ്യമായ ഏറ്റവും മികച്ച ടെക്നോളജി ആയ നാലുമഷിപ്പേന ഉപയോഗിച്ച് ഒരു പുറത്തിൽ കവിയാതെ തന്റെ തീരുമാനങ്ങളെ സഖാ : വിപ്ലൻ ഉമ്മക്കായി സംഗ്രഹിച്ചു.

"അന്ധകാരകരാളഹസ്തങ്ങൾ, ഹൃദയവിസ്ഫോടനം, ഉല്പ്രേക്ഷാഖ്യാലംകൃതി, ശീഘ്രസ്ഖലനമാപിനി " എന്നിങ്ങനെയുള്ള അതികഠിന പദങ്ങൾ കുറിപ്പിലുടനീളം (ശംഖുവരയന് പുറത്തു വളയമെന്നോണം) ചുവന്ന മഷിയിലെഴുതി പച്ചകൊണ്ട് അടിവരയിട്ടു highlight ചെയ്യാനും അവൻ മറന്നില്ല. മലയാള ഭാഷയിൽ ഇത്രയ്ക്കും അവഗാഹമുള്ള തന്നെയാണ് എട്ടിൽ തോല്പ്പിച്ചതെന്നോർത്ത് ലക്ഷ്മിക്കുട്ടിടീച്ചറുടെ ഹൃദയം നുറുങ്ങുന്ന ശബ്ദം വിപ്ലന്റെ ഭാവനയിൽ നിന്ന് ശബ്ദനാളതിലൂടെ അട്ടഹാസമായി രൂപാന്തരം പ്രാപിച്ചു പുറത്തുവന്നു.

മുൻകൂട്ടി പ്ളാൻ ചെയ്തതുപോലെ റഹ്മത്തിന്റെ ഇത്തയുടെ നിക്കാഹിനിട്ട പിസ്ത കളർ കുപ്പായവും, മൂട്കീറാത്തതായി അവനാകെയുണ്ടായിരുന്ന ഇളംനീലട്രൌസെറുമിട്ടു ഉമ്മാടെ കുട്ടിക്കൂറ പൌഡറിട്ട് മൊഞ്ചനായി ഉപ്പ ഗൾഫീന്ന് കൊണ്ടോന്ന റോയൽ മുല്ലപ്പൂ അത്തർ പൂശി പരിമളനായി അടുക്കള വാതിൽ ലക്ഷ്യമാക്കിനടക്കുന്നതിനിടയിൽ ഉമ്മയുടെ രഹസ്യ സമ്പാദ്യപ്പെട്ടിയായ അരിക്കലത്തിൽനിന്നും ഒരു 100ൻറെ നോട്ടും ടിയാൻ സ്വന്തമാക്കി. 
അടുക്കളേന്റെ ഓടാമ്പൽ തുറന്നുമുറ്റത്തിറങ്ങി പിറന്നവീടിനെ അവസാനമായി ഒന്ന് കാണാൻ തിരിഞ്ഞുനോക്കിയപ്പോൾ - Bro...dark scene ആണ്... അതായത് രമണാ സൂര്യൻ morning walk.ന് ഇറങ്ങിയിട്ടില്ലെന്ന്... സ്റ്റിൽ ചന്ദ്രേട്ടൻ ഈസ് ഓണ് ഡ്യൂട്ടി ആൻഡ് ദേർ ഈസ് നോട്ട് മച്ച് വെളിച്ചം... പിന്നെ ഉള്ള വെളിച്ചത്തിൽ അഡ്ജസ്റ്റ് ചെയ്ത് VGAക്യാമറയിൽ എടുത്ത night landscape പോലത്തെ ഒർമചിത്രവുമായി "പടച്ചോനേ ഇങ്ങളു കാത്തോളാണ്ടീ" എന്നൊരു പ്രാർഥനയോടെ റോട്ടുമ്മലേക്കിറങ്ങി...

റോഡിൻറെ ഓരത്തുള്ള സ്വന്തം തൊടിയിലെ മണ്ടരിവന്നു മണ്ടപോയ തെങ്ങിന്റെ മണ്ടയിൽ മണ്ടിക്കയറി , സ്വയം മണ്ടനായി കുണ്ഠിച്ചിരിക്കുന്ന ഒരു അണ്ണാനായിരുന്നു ദികണി ഓഫ് ദി ഡേ... 'വെളിച്ചായ്ട്ട് പോരായ്നോ മോനെ തേങ്ങവലി' എന്ന് അണ്ണാനോട് കണ്ണിറുക്കി, വേനൽക്കാലത്തെ ഭാരതപ്പുഴപോലെ ഇരുട്ടിനു കുറുകെ മെലിഞ്ഞുകിടന്ന റോഡിലൂടെ ധൈര്യ-ഭയ-സാഹസിക-സങ്കട സമ്മിശ്രവികാരങ്ങൾ അവിയൽപ്പരിവത്തിൽ അലയടിക്കുന്ന മനസ്സിനെ സമാശ്വസിപ്പിച്ചു സഖ:വിപ്ലൻ ഏകനായി നടന്നു.

"വിടപറയുകയാണോ..." എന്ന ഗാനം background.ൽ play ചെയ്യാൻ Big B സിനിമ ഇറങ്ങാൻ കൊല്ലം 5-6 ഇനിയും കഴിയണം എന്നതിനാലും, അല്ലെങ്കിലും പൊതുവെ സഖാ : വിപ്ലൻ ക്ളാസ്സിക്കുകളിൽ ആണ് താല്പ്പര്യം എന്നതിനാലും "ഏകാന്തതയുടെ അപാര തീരം..." എന്ന ഗാനം പശ്ചാത്തലത്തിൽ പതിയെ മുഴങ്ങി....


വിപ്ലചരിത്രം ഒളിച്ചോട്ടകാണ്ഡം: ഭാഗം -2

കുന്ദമംഗലത്തൂന്നു പുലർച്ചയ്ക്കുള്ള ബത്തേരി - കോഴിക്കോട് ടൌണ്‍ to ടൌണ്‍ ആനവണ്ടിക്ക് കയറി പുത്യസ്റ്റാന്റിലിറങ്ങി... മറ്റെല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും പോലെമറ്റുള്ളവരുടെ കാര്യത്തിൽ തരിമ്പും താൽപ്പര്യമില്ലാത്തതിനാൽ ഇത്ര രാവിലെ ഒറ്റയ്ക്ക് പോകുന്ന ചെക്കനോട് ഒരു വാക്ക് പോലും ചോദിക്കാത്ത KSRTC കണ്ടക്റ്റിനോട്‌എന്തെന്നില്ലാത്ത ബഹുമാനത്തോടെ പുതിയസ്റ്റാന്റിന്നു ആറിനു എടുക്കുന്ന dammam delux (മൊതലാളീടെ പേരായ മമ്മദ് (mammad) തിരിച്ചിട്ടു സ്റ്റൈൽ ആക്കിയതാണ്) ബസ്സില് ഡൈവറെ തൊട്ടപ്പറെ ള്ള സീറ്റിൽത്തന്നെ ഇരുന്നു... ഇരുപുറത്തെ കാഴ്ചകളും ഒരുമിച്ചുകാണാം എന്നതിലുപരി, ഭാവിയിലേക്ക് ഒരു ട്രെയിനിംഗ് ആവുമല്ലോ എന്നൊരുദ്ദേശവും അതിലില്ലാതില്ല..

"അല്ല മോനേ, ഇഞ്ഞൊറ്റയ്ക്കാ കണ്ണൂർക്ക്" എന്ന് ചോദിച്ച കണ്ടക്ടിനോട് "ആ...ഞാളെ പെങ്ങളാടെ പെറ്റുകെടക്കായാ...ന്റെ മര്വോനെ കാണാൻ പൂവ്വാ" ന്നു വളരെനാച്ചുറൽ ആയിട്ട് മറുപടിയും കൊടുത്ത്, ഇത്ര തന്മയത്വത്തോടെ കളവ് പറയാനുള്ള സ്വന്തം കഴിവിൽ അത്ഭുതപരതന്ത്രനായി സഖാവ് തൻറെ വിപ്ലവ യാത്രയുടെ രണ്ടാംഭാഗം ആരംഭിച്ചു…..

അങ്ങനെ ഇക്കാക്ക പഠിക്കുന്ന ക്രിസ്ത്യൻ കോളേജും വെസ്റ്റ് ഹില്ലും ഒക്കെ കഴിഞ്ഞു. ഓൾഡ്‌ ഓട്ടോഡൈവർ നൗ സിങ്ങർ കം ഫിലിം സ്റ്റാർ കലാഭവൻ മണി "ഓടേണ്ടാഓടേണ്ടാ ഓടിത്തളരേണ്ട, ഓമനപ്പൂമുഖം..." എന്ന് ബസ്സിൽ പാടിക്കൊണ്ടിരുന്നു. ഓമനപ്പൂമുഖംഎന്ന് കേൾക്കുമ്പോഴൊക്കെ ഞമ്മക്ക് റഹ്മത്തിന്റെ മുഖാണ് ഓർമ വരിക. അതോണ്ടാണോ എന്നറീല എലത്തൂര് പാലം കേറിയപ്പോ മുതൽ വല്ലാത്തൊരു മനംപിരട്ടൽ. 
എലത്തൂര്പാലത്തൂന്നു കണ്ട ഉദയസൂര്യന്, റഹ്മത്തിന്റെ ജിമിക്കി കമ്മൽന്റെ അതേശേല്. പക്ഷെ ഒന്നുംകൂടെ കൂലങ്കുഷമായി ചിന്തിഷ്ട്ടനായപ്പോ മേൽപ്പറഞ്ഞതിലും വളരെയധികം സാമ്യം ഉമ്മയുണ്ടാക്കുന്ന ടയർപ്പത്തലിനോട് ആണെന്ന് ഒരു സ്ഫോടനാത്മക ഞെട്ടലോടെ വിപ്ലൻ തിരിച്ചറിഞ്ഞു...
അതിനു പിന്നാലെ ഉമ്മയുണ്ടാക്കുന്ന ഓരോ പലഹാരങ്ങളുടെയും നൊസ്റ്റാൾജിക്ക് ഓർമ്മകൾ (ഈ നൊസ്റ്റാൾജിയ കിട്ടാൻ ഗൾഫിൽ പോണ്ട കാര്യോന്നുല്ല....ഹ്മും....) 5D എഫ്ഫെക്ടിൽ (സാദാ മൈ ഡിയർ കുട്ടിച്ചാത്തൻ 3D + വിത്ത്‌ മണംD ആൻഡ്‌ സ്വാദ്D) തെളിഞ്ഞു വന്നു...
"ഉമ്മാ....ഉമ്മയെ ഞമ്മള് ബേണ്ടാന്നു വക്കും, ബട്ട്‌ ഇങ്ങള്ണ്ടാക്കണ പലഹാരം -അത് ഒയ്‌വാക്കാനുള്ള വിപ്ലവം ഞമ്മളിലില്ലുമ്മാ..." 

ഇതികർത്തവ്യമൂഢത്വം വെടിഞ്ഞു സഖാ: വിപ്ലൻ പ്രഖ്യാപിച്ചു :
"കണ്ടക്ടറെ സിംഗളടി ആളെറങ്ങണം"
' എടൊ ഇത് കൊയ്ലാണ്ടി ആയെ ള്ളൂ... ഇഞ്ഞ് കണ്ണൂർക്കല്ലേ ? '
"അല്ല...ഞമ്മളീടെ എറങ്ങാ...ഒരു സാനം മറന്നു" ന്നും പറഞ്ഞു വിപ്ളൻ ദമ്മാം.നു ഒരു ചാട്ടം...ന്നിട്ട് കൊയിലാണ്ടി സ്റ്റാന്റിൽ കണ്ട അമ്പിളി ടീ സ്റോൾ.നു മുന്നിലുള്ള കോയിൻ ബോക്സിലേയ്ക്ക് ഒരോട്ടം...

വിപ്ലചരിത്രം ഒളിച്ചോട്ടകാണ്ഡം: ഭാഗം -3 (പരിസമാപ്തി)

ഉദ്യോഗജനകമായ നിമിഷങ്ങൾക്കിപ്പുറം കിതപ്പിനുമേൽ ആകാംക്ഷയുടെ മുഖമണിഞ്ഞു സഖാ: വിപ്ലൻ കോയിൻ ബോക്സിൽ നാണയമിട്ട് ഉമ്മയുടെ ഒച്ചയ്ക്ക് കാതോർത്തു.
(മൈ പുവർ ഉമ്മ..ഉമ്മ വിൽ ബി വെരി മച്ച് ദുഖിത)

"ഹലോ...ആരാ...?"

(പണ്ടാരം...ഇത്തയാണ്...ഇനി ഈ കുന്തത്തിനോടും നാണം കെടണോ...! ഒന്നൂടെ ഒളിചോടിയാലോ...അല്ലെങ്കി മാണ്ട...) "വിപ്ലനാണ്...ഉമ്മാക്ക് കൊടുക്ക്"

"ഡാ ചെക്കാ... ഇഞ്ഞേടെയാണ്ടാ ..."

(ഓ...ഇനീപ്പോ ഒളോട് കഥ മുയ്മനും പറയ്യായ്ട്ടാ..)
"ഞ്ഞ് ഉമ്മാക്ക് കൊടുക്ക്"

"ഓ... ഉമ്മാ...ദാ ങ്ങളെ പൊറപ്പെട്ട് പോയ മോൻ വിളിക്കുന്ന്..ഓടി വരീ..."

(ഓടി വരാൻ ഞാൻ ന്താ ചാവാൻ കെടക്കാ...ഒന്ന് പോട്യാട്ന്ന്...)

"ഡാ വിപ്ലാ ബലാലെ ... ഏടെയാണ്ടാ ഞ്ഞ്..."

(ആഹ...നാട് വിട്ടുപോയ മോൻ വിളിക്കുമ്പോ അഭിസംബോധന ചെയ്യാൻപറ്റുന്ന സ്നേഹം ഇറ്റിറ്റുവീഴുന്ന വാക്കു തന്നെ...!!ഉമ്മയാണത്രെ ഉമ്മ... വാട്ട് ആൻ ഉമ്മ )
"മ്മാ... ഞാൻ..."

"പൊന്നുമുത്തേ... വിപ്ലാ....അന്നോട് ഒറ്റക്കാര്യെ പറയാനുള്ളൂ..."

(ഹതാണ്...എത്ര പോയാലും ദാ പ്പോ പറയാൻ പോണതേ പറയുള്ളൂന്ന്ഞമ്മക്കറിഞ്ഞൂടെ ൻറെ പൊന്നുമ്മാ... ഉമ്മമാർ ഭൂമിയിലെ മാലാഖമാർ എന്ന മലയാളം 7ലെ പാഠം വെറുതെയാണോ ഞാൻ ഇങ്ങക്ക് 10 പ്രാവശ്യേലും വായിച്ചുതന്നെ...അതെ ഉമ്മാ...ഉമ്മയുടെ ഒരു വിളി മതി - ഈ വിപ്ലൻ സകല വിപ്ലവവുംഉപേക്ഷിച്ചു ഓടിയെത്തുമുമ്മാ...)

"ന്താ മ്മാ..."
 
"ഏടെയാണേലും ആ വയ്ക്ക് വിട്ടോണം... ഈ പൊരേലെങ്ങാനും കണ്ടാ -മുത്ത്‌രബ്ബാനെ അന്റെ മുട്ടുങ്കാല് ഞാൻ കൊത്തിക്കാളും ശൈത്താനെ...
എട്ടാംക്ലാസ്സിൽ പൊട്ടിയേം പോരാഞ്ഞ് ഓൻ ഒളിച്ചോടീക്കിന്ന്...
അതുംപോരാഞ്ഞിട്ട് ഓന്റെയൊരു ഒലക്കമ്മലെക്കത്തും...ശീഖ്രസ്ഖല്നമാപിനിയത്രേ...ഏടുന്നാണ്ടാ ഹറാംപെറന്നോനേ ഇഞ്ഞിതൊക്കെ പഠിച്ചെ...??അന്റെ ഉപ്പാക്കറിയില്ലാലോടാ ഇത്രേം..."

(പിന്നേ...ഭാരതത്തിന്റെ 'ബ' ഏതാന്നു ചോയ്ച്ചപ്പോ ബിരിയാണീന്റെ 'ബ'ന്നും പറഞ്ഞുതന്ന 'ബാ'ഷാപണ്ഡിതനല്ലെ...!)
"അതുപിന്നെ ഉമ്മാ...."

"ഇഞ്ഞൊന്നും മുണ്ടണ്ട... അപ്പൊ ൻറെ പുള്ള എങ്ങട്ടാച്ചാ വിട്ടോളി...ഇളയമോൻ ഓന്റെ ഓഹരി അരിക്കലത്തീന്നെടുത്ത് നാടുവിട്ടെന്ന് ഞാനന്റെ ഉപ്പാനോടും എടവലെള്ളോരോടും പറഞ്ഞോള..
ഇനി മേലാ ഇങ്ങട്ടറ്റെ വിളിച്ചാൽണ്ടല്ല കുടുംബം കുട്ടിച്ചോറാക്കാൻ ണ്ടായ മസീഹു ദജ്ജാലെ...ഹാ...!

പ്ളിംഗ്.....!!!!

(വിപ്ളചരിത്രത്തിലെ ആദ്യത്തെ പ്ളിംഗ്....!! ഫോണും വിപ്ലന്റെ ഹൃദയവും ഒരുമിച്ച് നിശബ്ദമായ ശബ്ദം...!)


ദതായത് പ്പൊ കൊയിലാണ്ടി ള്ള "അമ്പിളി ടീ സ്റോൾ.നു മുന്നിലുള്ള കോയിൻ ബോക്സിൽവിപ്ലവത്തിന്റെ നിറമുള്ള റിസീവറും പിടിച്ചു നില്ക്കുന്ന സഖാ : വിപ്ലൻ ആണ്എന്റെ ഓർമ്മപ്പുസ്തകത്തിലെ ആദ്യത്തെ 'ശശി' അഥവാ "ദി വെരി ഫസ്റ്റ് പ്ലിങ്ങിതൻ"...!!

----- ദി പ്ളിംഗ് -----

2014, ജൂൺ 26, വ്യാഴാഴ്‌ച

ഒറ്റവരിയെഴുത്തുകൾ

1. -- ജീവിതം --
അടിയിലെ പാറ 
മേലെ കുടചൂടിയ 
ഒരു ചേനയാണ്-
ജീവിതം...!! 


 2. -- ഉപമ --
എന്നെപ്പോലെ ഞാൻ മാത്രവും,
നിന്നെപ്പോലെ നീ മാത്രവുമുള്ള ഈ ലോകത്ത്‌ -
ഉപമകളെ നമുക്ക്‌ പുല്ലു മേയാൻ വിടാം...!


3. -- ഉറക്കപ്പിച്ച് --
രാത്രി ഉറങ്ങുന്നതിനെക്കാളും നല്ലത്,
ഉറങ്ങുന്ന സമയം രാത്രി ആവുന്നതാണ്....!

4.  -- മരണാനന്തര  നക്ഷത്രജീവിതം --
ക്രിസ്ത്മസ് രാവുകളിൽ 
വീടുകള്ക്ക് മുന്നിൽ തൂങ്ങി മരിച്ച നക്ഷത്രങ്ങൾ
യുക്തിവാദികളുടെ പുനർജന്മങ്ങളത്രെ....!


5. -- രണ്ടക്ഷരങ്ങള്‍  --
'പെണ്ണ്'
'പണം'
'മാനം'
എല്ലാറ്റിനും-
അക്ഷരം രണ്ട്...!!

2014, ജൂൺ 25, ബുധനാഴ്‌ച

കല്ലറച്ചിന്തകൾ


ഈ പുരാതന നഗരത്തിൽ
പണ്ടേ എനിക്കായി പണിത-
കല്ലറയ്ക്കുള്ളിലിരുന്ന് ഞാൻ,
നിന്നെപ്പറ്റി അന്തംവിട്ട് ചിന്തിക്കാറുണ്ട്...!

പാമ്പ് ഉറയൂരിയിട്ടതുപോലെ -
നീണ്ടു കിടക്കുന്നയിടവഴികളിൽ,
തൊലിയുരിഞ്ഞ വെളുപ്പിന്മേൽ -
കാല്പ്പാടിന്റെ തഴമ്പ്തീർത്ത്‌,
നാം നടന്നു തീർത്ത പ്രകാശവർഷങ്ങൾ …

ഇലപൊഴിഞ്ഞ അരയാലിൻ കൊമ്പുകൾ
വെട്ടിക്കീറി തുണ്ടം തുണ്ടമാക്കിയ-
ആകാശ സന്ധ്യയുടെ ചുവപ്പിൽ
നാം മുക്കിയെടുത്ത, ആദർശത്തിന്റെ ചെങ്കൊടികൾ …

സെക്കന്റ്‌ സൂചിയുടെ -
രണ്ടു ടിക്ക് ടിക്ക് ശബ്ദങ്ങൾക്കിടയിൽ ,
നമ്മളെ പിടിച്ചു തിന്നേക്കുമെന്ന്-
നാം ഒരുപാട് ഭയന്നിരുന്ന നിശബ്ദത,
പിന്നെ രണ്ടു അധരങ്ങൾക്കിടയിൽ -
നമുക്ക് നമ്മെത്തന്നെ നഷ്ട്ടപ്പെട്ടിരുന്ന ശൂന്യത…

എല്ലാത്തിലുമുപരി, പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ
പുരാവൃത്തമെന്നോണം നാമൊരുമിച്ചെഴുതിയ -
എണ്ണിയാലൊടുങ്ങാത്ത ഡയറിക്കുറിപ്പുകൾ,
ഞാൻ പൂർത്തിയാക്കാത്ത നിന്റെ ഇതിഹാസം-
നീ എഴുതി തീരാത്ത എന്റെ മഹാകാവ്യം

ഈ പുരാതന നഗരത്തിൽ-
ഞാൻ എനിക്കായി പണിത
നിന്നെക്കാളും നാറുന്ന എന്റെയീ ശവ-
ക്കല്ലറയ്ക്കുള്ളിലിരുന്നുഞാൻ
നിന്നെപ്പറ്റിച്ചിന്തിച്ച് അന്തംവിട്ട് കരയാറുണ്ട് …!


**കമ്മ്യൂണിസം എന്ന സിദ്ധാന്തം അതിൻറെ പ്രയോക്താക്കളെ ഓർക്കുന്നത് 
  ( ഒരു സിദ്ധാന്തത്തിന്റെ മരണാനന്തര ചിന്തകൾ...!! )





.

വൈരുദ്ധ്യാത്മക ഭൗതികവാദം

ആദ്യമായി നമ്മൾ കണ്ട ദിവസത്തെക്കുറിച്ചു
നീ പറഞ്ഞപ്പോൾ ആയിരുന്നു-
ഞാൻ സോഷ്യലിസവും കമ്മ്യൂണിസവും തമ്മിലുള്ള
വ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞത്.
സോവിയറ്റും, സ്വതന്ത്ര സോഫ്റ്റ്വെയറും-
എങ്ങനെ അവയ്ക്ക് ഉദാഹരിക്കാമെന്നും..!

അരവിന്ദനെയും അടൂരിനേയും പവിത്രനെയും
ഞാൻ വിശകലനം ചെയ്യുമ്പോഴാണ്,
നിനക്ക് ആദ്യമായി മേടിച്ചു തന്ന ചോക്ലേറ്റ്നെപ്പറ്റി
നീ പറഞ്ഞു കൊണ്ടിരുന്നത്...അതിന്റെ പേരെന്ത്
എന്ന നിൻറെ ചോദ്യത്തിന് മറുപടിയായാണ്-
അഗ്രഹാരത്തിലെ കഴുതയിലും നന്ന് എലിപ്പത്തായവും,
രണ്ടിലും പ്രിയം കാഞ്ചനസീതയും എന്നുത്തരം കിട്ടിയത്..!

ഓണത്തിന് നമ്മളിട്ട അത്തപൂക്കളത്തെക്കുറിച്ചും,
നീ ഉടുത്ത അരളിപ്പൂ നിറമുള്ള ചുരിദാറിനെക്കുറിച്ചും
നീ ഒരുപാട് വാചാലയായപ്പോൾ,
എന്റെയുള്ളിൽ ഉറക്കെ സംസാരിച്ചത്
രവിയും ഭീമനും ജിതേന്ദ്രനും ആയിരുന്നു*...
പ്രായത്തിൽ ഇളയവനെങ്കിലും, കൂടുതൽ
മനസ്സിൽ പതിഞ്ഞത് ജിതേന്ദ്രൻറെ വാക്കുകളല്ലേ...?

ആദ്യചുംബനത്തിന്റെ ഓർമകൾക്ക് നീ
വീണ്ടും നനവ് പകരുമ്പോഴാവണം,
ആശയപരതയിലും ഭൌതികപരതയിലും തലകുത്തിമറിഞ്ഞു-
ഞാനൊരു വൈരുദ്ധ്യാത്മക ഭൌതികവാദി ആയി മാറിയത്..!
ഹേഗലിന്റെ തല തിരിയൻ തിയറിയെപ്പറ്റിപ്പറഞ്ഞപ്പോൾ-
നീ എന്തായിരുന്നു എന്നോട് ചോദിച്ചത്...?


എങ്കിലും പ്രിയേ...
എനിക്ക് പ്രണയിക്കാനറിയില്ലെന്ന് നീ പറയില്ല,
നീ നിന്റെ വീട്ടിലെ പ്രശ്നങ്ങളെപ്പറ്റിപ്പറഞ്ഞു കരഞ്ഞപ്പോൾ-
എനിക്കൊരു ഉമ്മ തരുമോയെന്നു ഞാൻ ചോദിച്ചില്ലേ...??

നീ എടുക്കുന്ന ഫോട്ടോകളെ എന്നും പുച്ഛിച്ചിരുന്നെങ്കിലും ,
അതിൽ ഏതോ ഒരെണ്ണത്തിനു സർറിയലിസ്റിക് ഭാവമുണ്ടെന്നു-
കളിയായിട്ടെങ്കിലും ഞാൻ പ്രശംസിചില്ലേ....??

ഇതൊന്നും പോരാഞ്ഞിട്ട് നിന്റെ അഭിപ്രായങ്ങള്ക്ക് -
ഒരു വിലയും നല്കാറില്ലെങ്കിലും, ഞാൻ എഴുതുന്നതെല്ലാം-
എന്റെ പ്രണയത്തിനു എന്ന് പറഞ്ഞു-
ആദ്യം നിനക്ക് തന്നെയല്ലേ അയക്കാറു....??

അതുകൊണ്ട്....
അതുകൊണ്ട് നീ ഇനിയും ഇങ്ങനെ
പ്രണയാതുരയായി തുടരൂ...
ഷാവേസ് യുഗത്തിന് ശേഷമുള്ള-
ലാറ്റിനമേരിക്കൻ സോഷ്യലിസ്റ്റ്‌ പ്രതിസന്ധിയെക്കുറിച്ചോ ,
ആഫ്രിക്കൻ രാജ്യങ്ങളിലെ മതാധിപത്യത്തെ ക്കുറിച്ചോ
ഞാൻ ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടില്ല...!!


*രവി-ഖസാക്കിന്റെ ഇതിഹാസം (ഒ വി വിജയൻ)
ഭീമൻ- രണ്ടാമൂഴം (MT)
ജിതേന്ദ്രൻ - മനുഷ്യന് ഒരു ആമുഖം (സുഭാഷ്‌ ചന്ദ്രൻ)

നോട്ട് 1 : എല്ലാ വൃത്തികെട്ട അരസിക കപട ബുജികൾക്കുമായി
നോട്ട് 2: സ്വതന്ത്ര കവിത-സ്വതന്ത്ര സോഫ്റ്റ്‌വെയർ പോലെതന്നെ. ഇതിൽ ആര്ക്കും മൗലികാവകാശമില്ല. ആര്ക്കും തോന്നുംപോലെ സ്വന്തമായി എടുതിട്ടലക്കാം...!!

കട്ടക്കലിപ്പ്



ഈ മഞ്ഞുകാലത്തിനെപ്പിടിച്ചു വെയിലത്ത്‌ നിർത്തണം,
വെയിലേറ്റു തുണിയുരിഞ്ഞ് നാണം കെടട്ടെ...!!

ഇന്ന് രാത്രി ചന്ദ്രന് ഉറക്കഗുളിക കൊടുക്കണം,
ഉണരുമ്പോൾ 'രാത്രി' വീടുപൂട്ടി വെയിൽപ്പുതപ്പിന്റെ ചൂടിൽ-
കൂർക്കം വലിക്കുന്നുണ്ടാവണം...!!

പിന്നെ മഴവില്ലിനെ ടാർ വീപ്പയിൽ മുക്കിയെടുക്കണം, അത്-
മാനത്ത് തെളിയുമ്പോൾ ശ്രീനിവാസനെപ്പോലെ ചിരിക്കണം...!!

നാളെ വൈകിട്ട് മുങ്ങിത്താഴുന്ന സൂര്യൻറെ-
കയ്യുംകാലും കെട്ടി, പള്ളകീറി കല്ലുകെട്ടണം,
മൂന്നാം നാൾ ചത്ത്‌ പൊങ്ങുകപോലും ചെയ്യരുത്...!!

ശ്ശോ....!! ദൈവത്തിന് നല്ല മുട്ടൻ പണി കൊടുക്കണം……!!! 


പാളങ്ങള്‍ക്കിടയില്‍ പറയുന്നത്


സന്ധ്യയില്‍ പരക്കുന്നത് -എന്‍റെ ബോധത്തിന്‍റെ ചുവപ്പാണ്,
അതിനു ശേഷം നമ്മുടെ സ്നേഹത്തിന്‍റെ തണുപ്പും.
തണുത്തുറഞ്ഞ ആ സ്നേഹത്തിനു പുതപ്പായാണ് -
പുകയൂതി ഒരു കരിമ്പടംപോലെ തീവണ്ടിയെത്തുന്നത്.
കരിമ്പടത്തിനടിയില്‍ ചൂടുവയ്ക്കുന്ന സ്നേഹത്തിനായി-
നീയും ഞാനും...!!

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ജീവിതം

ജീവിതം

ഇരട്ടവരയില്‍ നിന്നും
ആദ്യം ഒറ്റവരയിലേക്കും
പിന്നെ വരയില്ലാത്തതിലേക്കും
പകര്‍ത്തപ്പെട്ടത്...!
വരയില്ലാത്തതില്‍
എഴുതിത്തെളിയുംമുന്‍പ്‌-
മഷി തീര്‍ന്നുപോയ്ത് ...!!
______________________ആരോമല്‍